പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 098 ബയ്യിന

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ്‌ തങ്ങള്‍ക്ക്‌ കിട്ടുന്നത്‌ വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട്‌ പോരുന്നവരായിട്ടില്ല.

  2. അതായത്‌ പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ ( വരുന്നതു വരെ )

  3. അവയില്‍ ( ഏടുകളില്‍ ) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.

  4. വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക്‌ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിന്‌ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.

  5. കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത്‌ നല്‍കുവാനും അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം

  6. തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.

  7. തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.

  8. അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 098 ബയ്യിന