പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 072 ജിന്ന്

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ( നബിയേ, ) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന്‌ എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ ( സ്വന്തം സമൂഹത്തോട്‌ ) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.

  2. അത്‌ സന്‍മാര്‍ഗത്തിലേക്ക്‌ വഴി കാണിക്കുന്നു. അതു കൊണ്ട്‌ ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട്‌ ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല.

  3. നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

  4. ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു.

  5. ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്‍റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്‌. എന്നും ( അവര്‍ പറഞ്ഞു. )

  6. മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട്‌ ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക്‌ (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ്‌ വര്‍ദ്ധിപ്പിച്ചു.

  7. നിങ്ങള്‍ ധരിച്ചത്‌ പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്ന്‌ എന്നും ( അവര്‍ പറഞ്ഞു. )

  8. ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത്‌ ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും ( അവര്‍ പറഞ്ഞു. )

  9. ( ആകാശത്തിലെ ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന്‌ കണ്ടെത്താനാവും. എന്നും ( അവര്‍ പറഞ്ഞു. )

  10. ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ രക്ഷിതാവ്‌ അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന്‌ ഞങ്ങള്‍ക്ക്‌ അറിഞ്ഞ്‌ കൂടാ.

  11. ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. എന്നും ( അവര്‍ പറഞ്ഞു. )

  12. ഭൂമിയില്‍ വെച്ച്‌ അല്ലാഹുവെ ഞങ്ങള്‍ക്ക്‌ തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട്‌ അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു

  13. സന്‍മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്‍റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും ( അവര്‍ പറഞ്ഞു. )

  14. ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.

  15. അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക്‌ ആയി തീരുന്നതാണ്‌. ( എന്നും അവര്‍ പറഞ്ഞു. )

  16. ആ മാര്‍ഗത്തില്‍ ( ഇസ്ലാമില്‍ ) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക്‌ ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌.

  17. അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട്‌ ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ ( രക്ഷിതാവ്‌ ) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്‌. ( എന്നും എനിക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു. )

  18. പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ എന്നും.

  19. അല്ലാഹുവിന്‍റെ ദാസന്‍ ( നബി ) അവനോട്‌ പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ്‌ നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.

  20. ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

  21. പറയുക: നിങ്ങള്‍ക്ക്‌ ഉപദ്രവം ചെയ്യുക എന്നതോ ( നിങ്ങളെ ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല.

  22. പറയുക: അല്ലാഹുവി ( ന്‍റെ ശിക്ഷയി ) ല്‍ നിന്ന്‌ ഒരാളും എനിക്ക്‌ അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല.

  23. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്‍റെ സന്ദേശങ്ങളും ഒഴികെ ( മറ്റൊന്നും എന്‍റെ അധീനതയിലില്ല. ) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ്‌ നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും.

  24. അങ്ങനെ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ്‌ ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും.

  25. ( നബിയേ, ) പറയുക: നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്‍റെ രക്ഷിതാവ്‌ അതിന്‌ അവധി വെച്ചേക്കുമോ എന്ന്‌ എനിക്ക്‌ അറിയില്ല.

  26. അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.

  27. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ ( ദൂതന്‍റെ ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.

  28. അവര്‍ ( ദൂതന്‍മാര്‍ ) തങ്ങളുടെ രക്ഷിതാവിന്‍റെ ദൌത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട്‌ എന്ന്‌ അവന്‍ ( അല്ലാഹു ) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്‍റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 072 ജിന്ന്